Updates

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

01 April 2020

news

കോവിഡ് -19 നെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയും അതിര്‍വരമ്പുകളും നോക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ. കോവിഡ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് പഞ്ചായത്തും സമീപ പ്രദേശങ്ങളായ കാട്ടായിക്കോണം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുമായി അതിര്‍ത്തി പങ്കിടുന്ന പോത്തന്‍കോട,് നഗരസഭാ പരിധിയിലുള്ള കാട്ടായിക്കോണം എന്നീ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനവുമായി മേയര്‍ കെ. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.

ഒരു തവണ 6000 ലിറ്റര്‍ ബ്ലീച്ചിംങ് സെലൂഷ്യന്‍ ലായനി ഉപയോഗിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ജെറ്റര്‍, പവര്‍ സ്പ്രേയര്‍ തുടങ്ങിയ യന്ത്രങ്ങളുപയോഗിച്ചാണ് പ്രദേശങ്ങള്‍ അണുവിമുക്തമാക്കിയത്. തുടര്‍ന്നും പോത്തന്‍കോടും സമീപ പ്രദേശങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പഞ്ചായത്തുകളെന്നോ, നഗരസഭയെന്നോ വേര്‍തിരിവില്ലാതെ മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ മുന്‍പിലുണ്ടാവുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. കൗണ്‍സിലര്‍ സിന്ധു ശശി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എസ.്പ്രകാശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനൂപ് റോയ്, സുജിത്ത് സുധാകര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

ജെറ്റര്‍ പോലുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ചു നഗരത്തിലെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളും നഗരസഭയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനവും കമ്മീഷണര്‍ ഓഫീസുമടക്കം നഗരസഭയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു.