Updates

അതിഥികളെ കൈവിടാതെ നഗരസഭ

01 April 2020

അതിഥി സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷവും ഉറപ്പാക്കുന്നതിനായുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭ. കഴിഞ്ഞദിവസം നഗരത്തില്‍ താമസിക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ പേര് വിവരങ്ങളും താമസസ്ഥലങ്ങളും നഗരസഭ ശേഖരിച്ചിരുന്നു. ഇത്തരത്തില്‍ പേര് വിവരങ്ങള്‍ ശേഖരിച്ച 9553 തൊഴിലാളികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ 1700 ഭക്ഷ്യകിറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തതായി മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. ബീമാപള്ളിയില്‍ 670 ഓളം വരുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രീകരിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്തു. ബദരിയ നഗര്‍, സദ്ദാംനഗര്‍, മില്‍ക്ക് കോളനി, ബീമാപള്ളി ഈസ്റ്റ്, പുത്തന്‍പള്ളി, ആരുകാട് എന്നീ കേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് പുറമെ പ്രത്യേകമായി ഭക്ഷണം പാചകം ചെയ്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്. ഇവിടങ്ങളില്‍ പാചകം ചെയ്യുന്നതും അതിഥി സംസ്ഥാന തൊഴിലാളികളാണ്. ഇതുകൂടാതെ കിള്ളിപ്പാലം ഹൈസ്കൂള്‍, മുളവന യു.പി.എസ്., എസ്.എം.വി. സ്കൂള്‍ എന്നിവിടങ്ങളില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കരിമഠം കോളനിയിലുള്ള 491 അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് കമലേശ്വരം യു.പി. സ്കൂളില്‍ ക്യാമ്പ ഒരുങ്ങുകയാണ്.

നഗരസഭയ്ക്ക് കീഴിലുള്ള 25 സര്‍ക്കിളുകളിലായി പ്രവര്‍ത്തിക്കുന്ന 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ബുധനാഴ്ച 21,536 പേര്‍ക്ക് പ്രഭാതഭക്ഷണവും 22,638 പേര്‍ക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. 21,644 രാത്രി ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. ആകെ 65,818 പേര്‍ക്കാണ് നഗരസഭ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം വിതരണം ചെയ്തത്.