Updates

അനധികൃത സ്‌പ്രേയിങ്ങിനും ഭക്ഷണ വിതരണത്തിനുമെതിരെ നടപടി

01 April 2020

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ചിലയിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ രാസലായനികള്‍ തളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യ വിദഗ്ദ്ധരുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് സര്‍ക്കാര്‍ സ്പ്രേയിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാത്രമല്ല സംസ്ഥാന ആരോഗ്യവകുപ്പിനും തിരുവനന്തപുരം നഗരസഭയ്ക്കും ഇതിനായി പ്രത്യേക സംവിധാനവും പരിശീലനം സിദ്ധിച്ച ജീവനക്കാരുമുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി സ്പ്രേയിങ്ങോ രോഗപ്രതിരോധത്തിനുള്ള നടപടികളോ ചെയ്യുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലത്തതുമാണ്. ഇത്തരത്തില്‍ ജനവാസകേന്ദ്രങ്ങളില്‍ അനധികൃതമായി സ്പ്രേയിങ്ങ് നടത്തുന്നപക്ഷം ട്രാവന്‍കൂര്‍ കെച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് 1955 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ ശശികുമാര്‍ അറിയിച്ചു.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിന്‍റെ വിവിധ ഹെല്‍ത്ത് സര്‍ക്കിളുകളിലായി 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവയിലൂടെ നഗരത്തില്‍ ഭക്ഷണം ആവശ്യമുള്ള എല്ലാവര്‍ക്കും ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും നഗരസഭയുടെ വോളണ്ടിയര്‍മാര്‍ വഴി ഭക്ഷണം വിതരണം ചെയ്തുവരികയാണ്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ചില സംഘടനകള്‍ ഇതിന് വ്യത്യസ്തമായി അനധികൃതമായി പാചകം ചെയ്ത ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.