Updates

പോത്തന്‍കോട് അണുനശീകരണത്തിനായി കൂടുതല്‍ സന്നാഹങ്ങളുമായി നഗരസഭയെത്തി

02 April 2020

Pothencode cleaning

കോവിഡ് ബാധിതന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സമ്പൂര്‍ണ്ണമായി അടച്ചിട്ട പോത്തന്‍കോട് പഞ്ചായത്ത് കേന്ദ്രീകരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി തിരുവനന്തപുരം നഗരസഭ.

വ്യാഴാഴ്ച അണുനശീകരണത്തിനായുള്ള ജെറ്റര്‍, പവര്‍ സ്പ്രേയര്‍ എന്നിവയെ കൂടാതെ അണുനശീകരണത്തിനായി പ്രത്യേകം സജ്ജമാക്കിയ ടാങ്കറുള്‍പ്പെടെ കൂടുതല്‍ സന്നാഹങ്ങളുമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളേറ്റെടുത്തത്.

മേയര്‍ കെ. ശ്രീകുമാര്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഐ. പി. ബിനു എന്നിവര്‍ മുഴുവന്‍ സമയവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അണുനശീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്‍റെ കൂടെ ഉണ്ടായിരുന്നു.

ബുധനാഴ്ച പോത്തന്‍കോട് പഞ്ചായത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്താന്‍ കഴിയാതിരുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വ്യാഴാഴ്ച പ്രവര്‍ത്തികള്‍ നടത്തിയത്. വേങ്ങോട്, മഞ്ഞമല എന്നീ പ്രദേശങ്ങള്‍ അണുവിമുക്തമാക്കി. വേങ്ങോട് ജുമാ മസ്ജിദ്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളും അണുവിമുക്തമാക്കി. നഗരസഭാ പരിധിയിലുള്ള ചന്തവിള ഭാഗത്തും അണുനശീകരണം നടത്തി. കരിമഠം പോലുള്ള കോളനികള്‍ കേന്ദ്രീകരിച്ചായിരിക്കും വൈകിട്ട് അണുനശീകരണപ്രവര്‍ത്തികള്‍ നടത്തുകയെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.