Updates

പച്ചക്കറിയില്‍ വിളയുന്ന മനുഷ്യസ്നേഹം

04 April 2020

news

അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളിന്‍റെ പുറകുവശത്ത് പച്ചക്കറി തൈകളുമായി ഷണ്‍മുഖന്‍റെ നേതൃത്വത്തിലുള്ള സംഘം തടമൊരുക്കി മേയറെ കാത്തിരിക്കുകയായിരുന്നു. ഒരു ഭാഗത്ത് രാധാകൃഷ്ണന്‍, അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ കന്നുകള്‍ കൂട്ടിയിട്ട് വാഴ നടാനുള്ള ഒരുക്കത്തിലായിരുന്നു.

കോവിഡ് സുരക്ഷയുടെ ഭാഗമായി നഗരസഭ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ പാര്‍പ്പിച്ച യാചകരുള്‍പ്പെടെയുള്ളവരുടെ ക്യാമ്പിലേക്ക് ശനിയാഴ്ച രാവിലെ മേയറെത്തിയപ്പോള്‍ അവിടമാകെ വലിയൊരു കാര്‍ഷികോത്സവത്തിന്‍റെ അന്തരീക്ഷമായിരുന്നു.

മേയര്‍ കെ. ശ്രീകുമാറും അന്തേവാസികളും ചേര്‍ന്ന് ആഘോഷമായിതന്നെ സ്കൂളിലെ 75 സെന്‍റിലായി ചീരയും, തക്കാളിയും, മുളകും പടവലവും വാഴയുമൊക്കെ നട്ടു. തഹസീല്‍ദാര്‍ പി.കെ. സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, സനല്‍, ഷീജ എന്നിവരും പങ്കെടുത്തു.

മുഖ്യമന്ത്രി ലോക് ഡൗണിന്‍റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെടണമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ക്യാമ്പുകള്‍ കൂടി മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു അട്ടക്കുളങ്ങര സ്കൂളിലേത്.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നവരെ ഉള്‍പ്പെടെ സ്കൂളിലേക്ക് നഗരസഭ മാറ്റി പാര്‍പ്പിച്ചപ്പോള്‍ തുടക്കത്തില്‍ പലരും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ഇവര്‍ക്ക് മൂന്നു നേരവും നഗരസഭ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. പ്രത്യേകമായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

കൃഷിമാത്രമല്ല സ്കൂള്‍ പരിസരം മുഴുവനായും ഇവരുതന്നെ സ്വമേധയാ മോഡി പിടിപ്പിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി കല്ലുകള്‍ വിരിച്ച് മനോഹരമായ പൂന്തോട്ടം കാണിച്ചുതന്ന് അവരിലൊരാള്‍ പറഞ്ഞു. ഇവിടം കാടുപിടിച്ച് കിടക്കുകയായിരുന്നെന്ന്.

ചിലര്‍ ടി വി യില്‍ വാര്‍ത്ത കാണുന്നു. മറ്റ് ചിലര്‍ പത്രം വായിക്കുന്നു. വേറെ ചിലര്‍ അകന്നിരുന്ന് തന്നെ സൊറ പറയുന്നു. ഇതൊക്കെയാണ് ക്യാമ്പിലെ കാഴ്ചകള്‍.

കൃഷി 75 സെന്‍റില്‍ മാത്രം ഒതുക്കാതെ സ്കൂളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്തേവാസികള്‍.

ഇതൊക്കെ നിങ്ങള്‍ക്ക് വിളവെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ڇകോവിഡ് കഴിഞ്ഞ് സ്കൂളൊക്കെ തുറന്ന് ഇവിടത്തെ പിള്ളേര് വരുമ്പോ അവര്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ സമ്മാനമാണ് ഇതൊക്കെയെന്ന് രാധാകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞുڈ. ആ വാക്കുകളില്‍ മനുഷ്യ സ്നേഹത്തിന്‍റെ വലിയ ലോകവും തങ്ങള്‍ക്ക് തണലൊരുക്കിയ മനുഷ്യരോടുള്ള നന്ദിയും പ്രകടമായിരുന്നു