Updates

കീശ കാലിയാകാതെ ഊണ് കഴിയ്ക്കാം. ജനകീയ ഹോട്ടല്‍ നഗരത്തിലും റെഡി

06 April 2020

ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടല്‍ ചൊവ്വാഴ്ച മുതല്‍ നഗരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാണ് നടത്തിപ്പ്. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സര്‍ക്കാരിന്‍റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടല്‍ നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്നത്.

25 രൂപയ്ക്ക് ജനകീയ ഹോട്ടലില്‍ നിന്നും ഊണ് വീടുകളിലെത്തും. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കുടുംബശ്രീ ജീവനക്കാര്‍ക്ക് പുറമേ നഗരസഭയുടെ വോളന്‍റീയര്‍മാരും ഹോം ഡെലിവറിയ്ക്കായി ജനകീയ ഹോട്ടലിനെ സഹായിക്കും.

തുടക്കത്തില്‍ ബഡ്ജറ്റ് ഊണ് മാത്രമാണ് ആരംഭിക്കുന്നതെങ്കിലും ആവശ്യക്കാര്‍ വരുന്നതനുസരിച്ച് കുറഞ്ഞ നിരക്കില്‍ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഇവിടെ നിന്ന് ലഭ്യമാകും.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകള്‍ - 7034001843, 7012285498, 6235740810