Updates

മനസ്സ് നിറച്ച് ജനകീയ ഹോട്ടലിന് തുടക്കമായി..

07 April 2020

ചോറും സാമ്പാറും, തോരനും, എരിശ്ശേരിയും, അച്ചാറും കൂടിയുള്ള ഉഗ്രനൊരു ഊണ് 20 രൂപയ്ക്ക് കിട്ടിയാലോ സംഭവം കളറാണല്ലേ... അതാണ് നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാരംഭിച്ച ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നത്.

എസ്.എം. വി. സ്കൂളിന് എതിര്‍വശമായി നഗരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ ഒരുക്കിയ ജനകീയ ഹോട്ടല്‍ ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ഡയറക്ടര്‍ ഡോ. കെ.ആര്‍. ഷൈജു, ഷാനി നിജാം എന്നിവര്‍ സന്നിഹിതരായിരുന്നു.

ആദ്യദിനം തന്നെ 1000 ഊണാണ് ജനകീയ ഹോട്ടല്‍ വഴി വിതരണം നടത്തിയത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ 25 രൂപയ്ക്ക് ഊണ് വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇതിനായി നഗരസഭയുടെ വോളന്‍റീയര്‍മാരും സഹായത്തിനുണ്ട്. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പ്രഭാതഭക്ഷണവും രാത്രിഭക്ഷണവും കുറഞ്ഞ നിരക്കില്‍ തന്നെ ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യും. ജനകീയ ഹോട്ടല്‍ വഴി ഹോം ഡെലിവറി ആവശ്യമുള്ളവര്‍ തലേ ദിവസം 8 മണിയ്ക്ക് മുമ്പായി ബുക്കിംഗ് നടത്തേണ്ടതാണ്. വിതരണ സൗകര്യത്തിനു വേണ്ടിയാണിത്. ബുക്കിംഗിനായുള്ള നമ്പറുകള്‍ മൂന്നില്‍ നിന്ന് ഏഴാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിവസം ഓര്‍ഡര്‍ ശേഖരിക്കുന്നതിനായി നേരിട്ട തടസ്സം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണിത്.

സംസ്ഥാന സര്‍ക്കാരിന്‍റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ ഹോട്ടലുകള്‍ക്കുവേണ്ടി നഗരസഭ 2020-21 ബഡ്ജറ്റില്‍ 3 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

നഗരത്തില്‍ 9 ഇടങ്ങളില്‍ കൂടി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചുകൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഭക്ഷണം ലഭ്യമാവുന്ന നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കുമെന്നും മേയര്‍ പറഞ്ഞു.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പരുകള്‍ - 7034001843, 7012285498, 6235740810, 9061917457, 7012827903, 8129016079, 8921663462