Updates

പോലീസിന് നഗരസഭയുടെ സഹായം- ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും ശേഖരിച്ച് സംസ്കരിക്കും

07 April 2020

ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും ഉപേക്ഷിക്കാനായി പോലീസുകാര്‍ക്ക് ഇനിമുതല്‍ പ്രയാസം നേരിടില്ല. പോലീസ് ആസ്ഥാനത്തും കമ്മീഷണര്‍ ഓഫീസിലും നഗരത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഉള്‍പ്പെടെ ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ഐ.എം.എ യുമായി ചേര്‍ന്നാണ് നഗരസഭ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.

മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള കളര്‍ കോഡഡ് ബാഗുകളാണ് ഇതിനായി വിതരണം നടത്തിയിട്ടുള്ളത്. മഞ്ഞ ബാഗുകളില്‍ ഉപയോഗിച്ച മാസ്ക്കുകളും ചുവപ്പ് ബാഗുകളില്‍ ഉപയോഗിച്ച ഗ്ലൗസുകളുമാണ് നിക്ഷേപിക്കേണ്ടത്. ബാഗ് നിറയുമ്പോള്‍ നഗരസഭ തന്നെ ഇവ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കൈമാറും.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൂടുതല്‍ സമയവും പൊതു സ്ഥലങ്ങളില്‍ നില്‍ക്കേണ്ടി വരുന്ന പോലീസുകാര്‍ക്ക് കൂടുതലായി മാസ്ക്കുകളും ഗ്ലൗസുകളും ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും കൈകാര്യം ചെയ്യുന്നതിനായുള്ള പോലീസുകാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് നഗരസഭ ശാസ്ത്രീയമായ ഇത്തരമൊരു സംവിധാനമൊരുക്കിയതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. നിലവില്‍ നഗരസഭ നേരിട്ട് സജ്ജമാക്കിയിട്ടുള്ള 10 ഹാന്‍ഡ് വാഷ് പോയിന്‍റുകളിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളിലെ സൗകര്യം പ്രയോജനപ്പെടുത്തി ഉപയോഗിച്ച മാസ്ക്കുകളും ഗ്ലൗസുകളും നിക്ഷേപിക്കാവുന്നതാണ്.