Updates

ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

08 April 2020

ഹോം ക്വാറന്‍റയിന്‍ തുടങ്ങിയ ദിവസം മുതല്‍ തന്നെ നഗരസഭയുടെ വോളന്‍റിയര്‍മാരുടെ നിരീക്ഷണം ആരംഭിച്ചിരുന്നു. വോളന്‍റിയര്‍മാര്‍ ഇടയ്ക്കിടെ ഗൃഹസന്ദര്‍ശനം നടത്തുകയും ആരോഗ്യ കാര്യങ്ങളില്‍ കൃത്യമായ അന്വേഷണവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വിജയകരമായി ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ച ചാക്ക പുള്ളിലെയിന്‍ ഉദയദീപം വീട്ടില്‍ താമസിക്കുന്ന അപര്‍ണ്ണ ജ്യോതിയുടെ വാക്കുകളാണിത്.

ബാംഗ്ലൂരുവില്‍ പഠിക്കുകയായിരുന്ന അപര്‍ണ്ണ ജ്യോതി പഠന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് 28 ദിവസത്തെ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയത്. നഗരസഭാ പരിധിയില്‍ വിജയകരമായി ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് മേയര്‍ കെ.ശ്രീകുമാര്‍ അപര്‍ണ്ണ ജ്യോതിക്ക് കൈമാറി. ചാക്ക പുള്ളിലെയിനില്‍ തന്നെ താമസിക്കുന്ന വൈഗ, ദിവ്യ എന്നിവര്‍ക്കും ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇവരുടെ വീടിനു മുന്നില്‍ പതിച്ചിരുന്ന ക്വാറന്‍റയിന്‍ സൂചന സ്റ്റിക്കര്‍ മേയര്‍ നീക്കം ചെയ്തു.

നഗരസഭാ പരിധിയില്‍ 2170 പേരാണ് നിലവില്‍ ഹോം ക്വാറന്‍റിയിനില്‍ കഴിയുന്നത്. 236 ഓളം പേര്‍ ഇതിനകം തന്നെ വിജയകരമായി ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രമായി നഗരസഭാ പരിധിയില്‍ 41 പേരാണ് ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വിജയകരമായി ഹോം ക്വാറന്‍റയിന്‍ പൂര്‍ത്തീകരിച്ചവര്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണെന്ന് മേയര്‍ പ്രതികരിച്ചു. ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വ്യക്തികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ ഒഴിവാക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.

ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി 2000 വോളന്‍റിയര്‍മാര്‍ 100 വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ ക്വാറന്‍റയിനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പും മേയറുടെ ഐ.ടി. സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.