Updates

നാടിന് പ്രിയപ്പെട്ടവര്‍ക്ക് വിഷുക്കൈനീട്ടവുമായി മന്ത്രിയെത്തി...

13 April 2020

പ്രതീക്ഷയുടെ കിരണങ്ങളായ് മുളച്ചു പൊന്തിയ പച്ചക്കറി തൈകള്‍ പറിച്ചു നട്ടും പൂന്തോട്ടം പരിപാലിച്ചും ശില്‍പങ്ങളൊരുക്കിയും തിരക്കിലായിരുന്നവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി വിഷുക്കൈനീട്ടവുമായി മന്ത്രിയെത്തിയപ്പോള്‍ എല്ലാവരുടെയും മുഖത്ത് ആകെ അമ്പരപ്പ്.

കോവിഡ് ഭീതിയെ തുടര്‍ന്ന് നഗരസഭ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ പാര്‍പ്പിച്ചിട്ടുള്ള യാചകരുള്‍പ്പെടെയുള്ളവരുടെ ക്യാമ്പിലാണ് നഗരസഭയുടെ വിഷുക്കൈനീട്ടം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ എത്തിയത്.

എല്ലാവര്‍ക്കും കൈനീട്ടമായി മുണ്ടും ഷര്‍ട്ടും നല്‍കിയ ശേഷം മന്ത്രി പറഞ്ഞു ڇഇവരാരും തന്നെ അനാഥരല്ല നാടിനു വേണ്ടപ്പെട്ടവരാണ് നമ്മൊളൊന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതിڇ. മന്ത്രിയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതായി അന്തേവാസികള്‍ക്കുള്ള യഥാര്‍ത്ഥ കൈനീട്ടം.

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ഇവരെ കൈവിടില്ലെന്ന മേയറുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ അന്തേവാസികളുടെ സന്തോഷം ഇരട്ടിയായി. സെന്‍ട്രല്‍ സ്കൂളിലെ ക്യാമ്പിലുള്ള യാചകരുള്‍പ്പെടെയുള്ളവരുടെ പുനരധിവാസം സംബന്ധിച്ച് കാര്യമായ ആലോചനകളാണ് നഗരസഭ നടത്തുന്നതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നഗരസഭയും മേയറും ഭരണസമിതി അംഗങ്ങളും ഹെല്‍ത്ത് ജീവനക്കാരും നഗരസഭാ ഉദ്യോഗസ്ഥരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

25 സര്‍ക്കിളുകളിലായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായെന്നും മന്ത്രി പറഞ്ഞു.

പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന ഞങ്ങള്‍ക്ക് ഇപ്പോഴാണ് ഒരു കുടുംബാനുഭവമുണ്ടായതെന്ന് അന്തേവാസികളിലൊരാളായ ഉമേഷ് പറഞ്ഞു. 13 വര്‍ഷമായി നഗരം തന്നെയാണ് ഉമേഷിന് വീട്.

ടി.വി.കണ്ടും പത്രം വായിച്ചും കൃഷിയിലേര്‍പ്പെട്ടും പൂന്തോട്ടം പരിപാലിച്ചും എന്തായാലും ക്യാമ്പിലുള്ളവരെല്ലാം ഹാപ്പിയാണ്. 230 ഓളം വരുന്ന ആളുകളാണ് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളിലെ ക്യാമ്പിലുള്ളത്.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പാളയം രാജന്‍, എസ്. പുഷ്പലത, സെക്രട്ടറി. എല്‍.എസ്.ദീപ, ഹെല്‍ത്ത് ഓഫീസര്‍ ഡോ. എ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.