Updates

ഹലോ.....മേയര്‍ ലൈനിലാണ്

15 April 2020

കോവിഡ് കാലത്ത് ശാരീരിക അകലം പാലിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇനിമുതല്‍ നഗരസഭയുടെ സേവനം ലഭ്യമാവും. ഓണ്‍ലൈന്‍ വഴിയും കോള്‍സെന്‍റര്‍ മുഖേനയുമാണ് പ്രത്യേക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുക. നഗരസഭയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അടിയന്തര സ്വഭാവമുള്ള സേവനങ്ങളാണ് ഈ രൂപത്തില്‍ ലഭ്യമാക്കുക.

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭ ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് മേയര്‍.കെ. ശ്രീകുമാര്‍ അറിയിച്ചു.

വരുന്ന തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ നഗരസഭയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് മേയറെ നേരിട്ട് അറിയിക്കാം. രാവിലെ 11 മണി മുതല്‍ 12 മണി വരെയാണ് ഈ ദിവസങ്ങളില്‍ മേയര്‍ ലൈനില്‍ വരിക. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ഹെല്‍പ്പ് ഡെസ്കിന്‍റെ കോളുകള്‍ സ്വീകരിക്കുന്ന സമയം. തുടര്‍ന്നുള്ള സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴി അറിയിക്കാവുന്നതാണ്. ംംം.രീ്ശറ19്ാേ.രീാ എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും ലഭ്യമാകേണ്ട സേവനങ്ങളെക്കുറിച്ച് അറിയിക്കാവുന്നതാണ്.

നഗരസഭയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നഗരസഭ ഒരുക്കിയ പ്രത്യേക കരുതല്‍ ആവശ്യമുള്ള വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കായി നഗരസഭ ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്കിന്‍റെ സേവനം വിപുലപ്പെടുത്തിയാണ് പുതിയ സംവിധാനം സജ്ജമാക്കിയത്.

പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ കോള്‍ സെന്‍റര്‍ വഴിയും ഓണ്‍ ലൈനായും അറിയിച്ചാല്‍ ഇവരുടെ ആവശ്യം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നമ്പര്‍ ലഭിക്കുകയും ചെയ്യും. ലഭിച്ച ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് ഉന്നയിച്ച ആവശ്യത്തിന്‍റെ പുരോഗതിയുടെ തത്സ്ഥിതി പൊതുജനങ്ങള്‍ക്ക് യഥാസമയം അറിയാന്‍ സാധിക്കും.

ഓണ്‍ ലൈനായും കോള്‍സെന്‍റര്‍ വഴിയും പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ അടിയന്തര സ്വഭാവമുള്ള പരാതികള്‍ എന്നിവ തരംതിരിച്ച് വിവിധ വകുപ്പ് മേധാവികള്‍ക്ക് കൈമാറി പരിഹരിക്കും.

ഹെല്‍പ്പ് ഡെസ്ക് നമ്പറുകള്‍ - 9496434409, 9496434410