Updates

നഗരസഭയൊരുക്കിയ വിഷുസദ്യവിളമ്പാന്‍ മന്ത്രിയെത്തി

15 April 2020

നഗരസഭയുടെ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളിലെ ക്യാമ്പിലെ യാചകരുള്‍പ്പെടെയുള്ള അന്തേവാസികള്‍ക്ക് നഗരസഭയൊരുക്കിയ വിഷു സദ്യ വിളമ്പാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. മന്ത്രിയും മേയര്‍ കെ. ശ്രീകുമാറും ഡെപ്യൂട്ടി മേയറും ചേര്‍ന്ന് അന്തേവാസികള്‍ക്ക് ഇലയിട്ട് സദ്യ വിളമ്പി. കോവിഡ് കാലത്തെ നന്‍മയുള്ള കാഴ്ചയാണ് നഗരസഭയുടെ അട്ടക്കുളങ്ങരയിലെ ക്യാമ്പെന്ന് മന്ത്രി പ്രതികരിച്ചു.

65 വര്‍ഷത്തിനിടയില്‍ ഇത്രയും സന്തോഷമനുഭവിച്ച മറ്റൊരു ദിവസമുണ്ടായിട്ടില്ലെന്ന് അന്തേവാസികളിലൊരാള്‍ പറഞ്ഞു.

കോവിഡ് ഭീതി മൂലം നഗരസഭ അട്ടക്കുളങ്ങര സ്കൂളില്‍ പാര്‍പ്പിച്ചിട്ടുള്ള അന്തേവാസികള്‍ക്ക് നഗരസഭയുടെ വിഷുകൈനീട്ടം നല്‍കാന്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയതീനും എത്തിയിരുന്നു.

തങ്ങളെ സന്ദര്‍ശിക്കാനും തങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുമൊക്കെയായി മന്ത്രിമാരും മേയറുമൊക്കെ തുടരെതുടരെ എത്തുന്നതില്‍ ക്യാമ്പിലെ അന്തേവാസികള്‍ വലിയ സന്തോഷത്തിലാണ്.

ഇവര്‍ക്ക് മൂന്ന് നേരം ഭക്ഷണവും മെഡിക്കല്‍ ക്യാമ്പും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഗരസഭയാണ് ഉറപ്പുവരുത്തുന്നത്. ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ക്യാമ്പിലുള്ളവരെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.