Updates

നാടിന് കൈത്താങ്ങാവാന്‍ ഗണേഷുമുണ്ട്......

16 April 2020

എനിക്കൊരു പ്രശ്നം വന്നപ്പോള്‍ സഹായിക്കാനുണ്ടായിരുന്നത് സര്‍ക്കാരും നാട്ടുകാരുമാണ്. ഇപ്പോള്‍ നാടിനൊരു പ്രശ്നം വരുമ്പോള്‍ എനിക്കങ്ങനെ ഇത്രയെങ്കിലും ചെയ്യാതിരിക്കാനാവും. തനിക്ക് ലഭിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷനില്‍ നിന്നും ആയിരം രൂപ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയ കൈതമുക്ക് ശ്രീവേലി നഗറില്‍ താമസിക്കുന്ന ഗണേഷിന്‍റെ വാക്കുകളാണിത്.

വിഷുത്തലേന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേട്ടിരിക്കെയാണ് ആ വാക്കുകള്‍ ഗണേഷിന്‍റെ ഉള്ളില്‍ പതിഞ്ഞത്. വിഷുക്കൈനീട്ടം കഷ്ടപ്പെടുന്നവര്‍ക്കായി നല്‍കണമെന്നുള്ള അഭ്യര്‍ത്ഥന. വിഷുവിന് മുമ്പ് സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍ തുകയില്‍ നിന്ന് 1000 രൂപ അങ്ങനെയാണ് ഗണേഷന്‍ സംഭാവന നല്‍കുന്നത്. ഒരുദിവസം വൈകിയ വിഷുക്കൈനീട്ടം .

മേയര്‍ കെ. ശ്രീകുമാര്‍ ഗണേഷിന്‍റെ വസതിയിലെത്തി നന്ദി അറിയിച്ചു. മനുഷ്യ സ്നേഹത്തിന്‍റെ വലിയ മൂല്യമാണ് ഗണേഷിന്‍റെ സംഭാവനയിലൂടെ പ്രകടമായതെന്ന് നന്ദി അറിയിച്ചതിനുശേഷം മേയര്‍ പ്രതികരിച്ചു.

സര്‍ക്കാരും നഗരസഭയും നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗണേഷിന് വലിയ മതിപ്പാണ്.

2017-ല്‍ പാര്‍ക്കിണ്‍സണ്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗണേഷിന് തലയില്‍ പ്രത്യേക ശസ്ത്രക്രിയ നടത്തി പേസ്മേക്കര്‍ ഘടിപ്പിക്കേണ്ടതായി വന്നിരുന്നു. ഇതിനാവശ്യമായ 12 ലക്ഷം രൂപയും സര്‍ക്കാരാണ് നല്‍കിയത്. സഹായത്തിനായി നാട്ടുകാരും ഉണ്ടായിരുന്നു. ശ്രീചിത്രയിലായിരുന്നു ചികിത്സ.

ഇപ്പോഴും ജോലിക്കൊന്നും പോയിത്തുടങ്ങാന്‍ കഴിയാത്ത ഗണേഷിന്‍റെ ജീവിതാശ്രയം വികലാംഗ പെന്‍ഷനാണ്. അതില്‍ നിന്നുമാണ് ഈ സംഭാവന നല്‍കിയിട്ടുള്ളതെന്ന് വാക്കുകള്‍ക്കതീതമാണ്.

മഹാമാരിക്കാലത്ത് മുന്നില്‍ നിന്ന് നയിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയോടുള്ള തന്‍റെ ആദരവറിയിക്കാനും ഗണേഷ് മേയറോട് പറഞ്ഞു.