Updates

നഗരസഭാ പരിധിയില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിച്ചു

17 April 2020

കരുതലോടെ കേരളം കരുത്തേകാന്‍ ആയുര്‍വേദം എന്ന സന്ദേശത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ക്ക് നഗരസഭാ പരിധിയില്‍ തുടക്കമായി. മേയര്‍ കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭയും ഭാരതീയ ചികിത്സാവകുപ്പും ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഏറ്റെടുക്കുന്നത്.

നഗരസഭയ്ക്ക് കീഴിലുള്ള പൂജപ്പുര, കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്, സെക്രട്ടറിയേറ്റ്, കാലടി, കോവളം, ശ്രീകാര്യം, ആറ്റിപ്ര, ഉള്ളൂര്‍, കടകംപള്ളി, ചെട്ടിവിളാകം എന്നിവിടങ്ങളിലെ 12 ആയുര്‍വേദ ഡിസ്പന്‍സറികളിലും ആയുഷ് മിഷന്‍റെ കീഴിലുള്ള എന്‍. എച്ച്.എം ഹോളിസ്റ്റിക് സെന്‍ററിലുമടക്കം പതിമൂന്ന് ആയുര്‍ രക്ഷാ ക്ലീനിക്കുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

കോവിഡ് രോഗമുക്തരായ ആളുകള്‍ക്ക് ഊര്‍ജ്ജസ്വലത വീണ്ടെടുക്കുന്നതിനാവശ്യമായ ചികിത്സയും ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ലഭ്യമാവും. നഗരസഭാ പരിധിയിലെ പരമാവധി ആളുകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖിരവികുമാര്‍, നഗരസഭ സെക്രട്ടറി എല്‍.എസ്.ദീപ, ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ശിവകുമാരി, ഡോ.ബിന്ദു.കെ.ആര്‍, ഡോ.സിമി.എ.കെ, ഡോ.സുസ്മിത സി.എസ്, ഡോ. ഷിജി വത്സണ്‍ എന്നിവര്‍ സന്നിഹിതരായി.