Updates

പകര്‍ച്ച വ്യാധികളെ പിടിച്ചുകെട്ടും... മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് നഗരസഭ

18 April 2020

പകര്‍ച്ച വ്യാധികള്‍ക്ക് തടയിടാന്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് ആക്ഷന്‍ പ്ലാനുമായി നഗരസഭ. ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ ഒരുമാസക്കാലം വരെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആക്ഷന്‍ പ്ലാനായി മേയര്‍ കെ. ശ്രീകുമാര്‍ പ്രഖ്യാപിച്ചത്.

ഇതിന്‍റെ തുടക്കമായി ആദ്യഘട്ടത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡ്കൗണ്‍സിലറുടെ അദ്ധ്യക്ഷതയില്‍ ശുചിത്വ ആരോഗ്യ സമിതി യോഗങ്ങള്‍ ചേരും. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി ഓടകളുടെ വൃത്തിയാക്കല്‍, കൊതുകുകളുടെ ഉറവിടങ്ങളുടെ നശീകരണം, മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുക്കും. 50 വീടുകള്‍ക്ക് ഒരു വോളന്‍റിയര്‍ എന്ന ക്രമത്തിലാണ് ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തുന്നതിന് വോളന്‍റീയര്‍മാരെ നിയോഗിക്കുക. സോഴ്സ് റിഡക്ഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ വോളന്‍റീയര്‍മാര്‍ ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തും.

കൊതുക് നശീകരണത്തിന്‍റെ ഭാഗമായി വീടുകള്‍ വീടിന്‍റെ പരിസരം, മുട്ടത്തോട്,ടയര്‍, സണ്‍ഷെയ്ഡ്, കുപ്പി, ചിരട്ട, ഫ്രിഡ്ജ് തുടങ്ങി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പരിശോധിച്ച് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിവാക്കുക. ഫ്ളാറ്റുകളിലെ ആള്‍ താമസം ഇല്ലാത്ത വീടുകളിലെ ടോയ്ലെറ്റുകള്‍ ഫ്ളഷ് ചെയ്യുക. ആള്‍പാര്‍പ്പില്ലാത്ത വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തുക. ഉപയോഗശൂന്യമായ കിണറുകള്‍ കണ്ടെത്തി ലാര്‍വ നശീകരണം പ്രവര്‍ത്തനം നടത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് വോളന്‍റീയര്‍ മുഖേന പ്രധാനമായും ഏറ്റെടുക്കുക. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേയായി ആചരിക്കും. ഓരോ വീടുകളിലും വോളന്‍റീയര്‍മാര്‍ മുഖേന എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുള്ളത് വോളന്‍റീയര്‍മാര്‍ക്ക് ഓണ്‍ലൈനായി നഗരസഭയെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സ്കൂളുകള്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചര്‍മാര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ വീടുകളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങള്‍ കുറിപ്പായി വാങ്ങുകയും ചെയ്യും.

പൊതുതടാകങ്ങള്‍, പൊതുകുളങ്ങള്‍, പൊതു തോടുകള്‍ എന്നിവ കടന്നു പോകുന്ന വാര്‍ഡുകളില്‍ അവയിലെ മാലിന്യം നീക്കം ചെയ്യുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, കല്ല്യാണ മണ്ഡപങ്ങള്‍, ക്ലബ്ബുകള്‍, ചന്തകള്‍, പൊതുകവലകള്‍ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം, മഴക്കാലരോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഡ്രൈ ഡേ ആചരണത്തിന്‍റെ പ്രസക്തി എന്നിവ സംബന്ധിച്ച ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വോളന്‍റിയര്‍മാര്‍, വ്യാപാരി വ്യവസായി സംഘടനകള്‍, യുവജന സംഘടനകള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കും.

പൊതുസ്ഥലങ്ങള്‍, ചന്തകള്‍, ബസ്സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും സര്‍ക്കാര്‍ ഓഫീസ് ആശുപത്രികള്‍ സ്കൂളുകള്‍ കോളേജുകള്‍ എന്നിവയുടെയും സോഴ്സ് റിഡക്ഷന്‍ പൊതുശുചീകരണവും ഏറ്റെടുക്കും. പൊതുസ്ഥലങ്ങളിലും നിരത്തുകള്‍ക്ക് സമീപവും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തുക. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ചിട്ടുള്ള ശുചീകരണം നടത്തുക എന്നീ പ്രവര്‍ത്തികളാണ് പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാനമായും ഏറ്റെടുക്കുന്നത്.

കൂടാതെ നഗരത്തില്‍ മാലിന്യം കൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പ്ലാസ്റ്റിക്ക്, ചില്ല്, മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവ തരം തിരിച്ച് ശേഖരിച്ച് എം.ആര്‍.എഫു കളിലേയ്ക്ക് മാറ്റുകയും ജൈവ മാലിന്യങ്ങള്‍ എയ്റോബിക് ബിന്നുകളിലേയ്ക്ക് മാറ്റുകയും ചെയ്യും.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച മാസ്ക്, ഗ്ലൗസ് എന്നിവ ശേഖരിക്കാന്‍ നല്‍കിയിട്ടുള്ള ബാഗുകള്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും മറ്റും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കും.

നിലവില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‍റെ ഭാഗമായി ഫോഗിംങ് പ്രവര്‍ത്തനങ്ങള്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്ത് പ്രത്യേക മാസ് ഫോഗിംങ് സംഘടിപ്പിക്കും. ഈ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനായി ഒരു വാര്‍ഡിന് 25,000 രൂപ എന്ന നിലയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഒരു കോടി രൂപയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് അതാത് ദിവസങ്ങളില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മെയില്‍ മുഖാന്തിരം റിപ്പോര്‍ട്ട് ചെയ്യും.

ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം സര്‍ക്കിള്‍ തല ശുചിത്വ ആരോഗ്യ സമിതി യോഗം ചേര്‍ന്ന് മെയ് 23 ന് മേയറുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തോടെയാണ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിക്കുക. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി.ബിനു, നഗരസഭ സെക്രട്ടറി എല്‍.എസ്.ദീപ, ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ.ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.