Updates

കോള്‍ സെന്‍ററില്‍ മേയര്‍

20 April 2020

കോവിഡ് കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് വീട്ടിലിരുന്ന് തന്നെ നഗരസഭയുടെ സേവനം ലഭ്യമാക്കുന്നതിനായി നഗരസഭ ആരംഭിച്ച കോള്‍ സെന്‍ററില്‍ തിങ്കളാഴ്ച രാവിലെ 11 മണിമുതല്‍ 12 മണിവരെ മേയര്‍ കെ. ശ്രീകുമാര്‍ പൊതുജനങ്ങളുടെ കോളുകള്‍ സ്വീകരിക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തു. പ്രായമായ ആളുകളുടെ ചികിത്സ, മരുന്നുകളുടെ ആവശ്യം എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ കോളുകളും വന്നത്. 28 ഓളം കോളുകള്‍ മേയര്‍ സ്വീകരിച്ചു.

തിരുവനന്തപുരം നഗരസഭാ പരിധി ഇപ്പോഴും ഹോട്ട് സ്പോട്ടായി തുടരുന്ന സാഹചര്യത്തില്‍ നഗരസഭയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

ഹെല്‍പ്പ് ഡെസ്ക് വഴി ആയുര്‍വേദ ചികിത്സ ആവശ്യപ്പെട്ടവര്‍ക്ക് നഗരസഭയും ഭാരതീയ ചികിത്സാവകുപ്പും ചേര്‍ന്ന് ആരംഭിച്ച മൊബൈല്‍ ഡിസ്പെന്‍സറികളുടെ സേവനം ലഭ്യമാക്കി. മരുന്നു വാങ്ങി നല്‍കുവാന്‍ ആവശ്യപ്പെട്ടവര്‍ക്ക് നഗരസഭയുടെ വോളന്‍റീയര്‍മാരുടെ സേവനവും ലഭ്യമാക്കി.

ബുധനാഴ്ച രാവിലെ 11 മണിമുതല്‍ 12 മണി വരെയും മേയര്‍ നേരിട്ട് കോള്‍ സ്വീകരിക്കും. ഇതുവരെ 808 കോളുകളാണ് പ്രത്യേക ഹെല്‍പ്പ് ഡെസ്ക് വഴി സ്വീകരിച്ചിട്ടുള്ളത്.

ഓണ്‍ലൈന്‍ വഴിയും കോള്‍സെന്‍റര്‍ മുഖേനയുമാണ് പ്രത്യേക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അടിയന്തര സ്വഭാവമുള്ള സേവനങ്ങളാണ് ഈ രൂപത്തില്‍ ലഭ്യമാക്കുക.

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രത്യേക കരുതല്‍ അര്‍ഹിക്കുന്ന വയോജനങ്ങള്‍, വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ആരംഭിച്ച ഹെല്‍പ്പ് ഡെസ്കിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണിവരെയാണ് ഹെല്‍പ്പ് ഡെസ്കിന്‍റെ കോളുകള്‍ സ്വീകരിക്കുന്ന സമയം. തുടര്‍ന്നുള്ള സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴി അറിയിക്കാവുന്നതാണ്. ംംം.രീ്ശറ19്ാേ.രീാ എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അറിയിക്കാം.

പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ കോള്‍ സെന്‍റര്‍ വഴിയും ഓണ്‍ ലൈനായും അറിയിച്ചാല്‍ ഇവരുടെ ആവശ്യം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നമ്പര്‍ ലഭിക്കുകയും ചെയ്യും. ലഭിച്ച ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് ഉന്നയിച്ച ആവശ്യത്തിന്‍റെ പുരോഗതിയുടെ തത്സ്ഥിതി പൊതുജനങ്ങള്‍ക്ക് യഥാസമയം അറിയാന്‍ സാധിക്കും.

ഓണ്‍ ലൈനായും കോള്‍സെന്‍റര്‍ വഴിയും പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ അടിയന്തര സ്വഭാവമുള്ള പരാതികള്‍ എന്നിവ തരംതിരിച്ച് വിവിധ വകുപ്പ് മേധാവികള്‍ക്ക് കൈമാറി പരിഹരിക്കും.

ഹെല്‍പ്പ് ഡെസ്ക് നമ്പറുകള്‍ - 9496434409, 9496434410