Updates

അതിഥി സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷയും മാത്രമല്ല അവരുടെ വിനോദവും കൂടി ഉറപ്പു വരുത്തുകയാണ് തിരുവനന്തപുരം നഗരസഭ.

31 March 2020

news

അതിഥി സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷയും മാത്രമല്ല അവരുടെ വിനോദവും കൂടി ഉറപ്പു വരുത്തുകയാണ് തിരുവനന്തപുരം നഗരസഭ. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി നഗരസഭ ഒരുക്കിയ ക്യാമ്പുകളില്‍ ചൊവ്വാഴ്ച 10 ടി.വി.കള്‍ സ്ഥാപിച്ചു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ക്യാമ്പുകളില്‍ മാത്രമല്ല യാചകരെ പുനരധിവസിപ്പിച്ച ക്യാമ്പുകളിലും നഗരസഭ ടി.വി. കള്‍ സ്ഥാപിച്ചു. കേബിള്‍ കണക്ഷനും ഒരുക്കി

25 സര്‍ക്കിളുകളിലായി നഗരസഭയ്ക്ക് കീഴിലുള്ള 9,558 അതിഥി തൊഴിലാളികളുടെ പേരു വിവരങ്ങള്‍, താമസസ്ഥലം എന്നിവ നഗരസഭ ശേഖരിച്ചിട്ടുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഇവര്‍ക്ക് ഭക്ഷണ വിതരണം നടത്തുകയും പാചകം ചെയ്യുന്നതിനാവശ്യമായ സാധനസാമഗ്രികള്‍ എന്നിവ എത്തിച്ചുവരികയാണ്. തിരുവനന്തപുരം നഗരപരിധിയില്‍ ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടക്കേണ്ടതായി വരാത്ത രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ ഏറ്റെടുക്കുന്നതെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. എസ്.എം.വി സ്കൂളിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ക്യാമ്പില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു.

നിലവില്‍ കിള്ളിപ്പാലം ഹൈസ്കൂള്‍, മുളവന യു പി എസ്, എസ് എം വി സ്കൂള്‍ എന്നിവിടങ്ങളിലാണ് നഗരസഭ തന്നെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ക്യാമ്പുകള്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യമായ സര്‍ക്കിള്‍ തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. തൈക്കാട് മോഡല്‍ എല്‍. പി. സ്കൂള്‍, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍, കിള്ളിപ്പാലം ഹൈസ്കൂള്‍, മുളവന യു പി എസ്, എസ് എം വി സ്കൂള്‍ എന്നീ ക്യാമ്പുകളില്‍ വിനോദത്തിനായി ടി വി കള്‍ സജ്ജമാക്കിയത്. അട്ടക്കുളങ്ങര, തൈക്കാട് എന്നീ കേന്ദ്രങ്ങളില്‍ പത്രങ്ങളും വിതരണം ചെയ്യും.